ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ പുകഴ്ത്തി കോൺഗ്രസ്സ് നേതാവ് ശത്രുഘ്നൻ സിൻഹ. പ്രസംഗം ധീരവും യുക്തിഭദ്രവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലവിലുള്ള വർത്തമാനകാല സാഹചര്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും സിൻഹ കൂട്ടിച്ചേർത്തു.
ജല പ്രതിസന്ധി, ജനസംഖ്യാ വിസ്ഫോടനം, പ്ലാസ്റ്റിക്കിന്‍റെ അശാസ്ത്രീയമായ ഉപയോഗം, ആഭ്യന്തര വിനോദസഞ്ചാരം തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾ ചിന്തോദ്ദീപകമാണ്. ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള വ്യക്തമായ പദ്ധതികൾ കൃത്യമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അഭിനന്ദനമർഹിക്കുന്നുവെന്നും സിൻഹ വ്യക്തമാക്കി.
ഇത്തരം വിഷയങ്ങളെക്കുറിച്ച് പല നേതാക്കളും ഇതിന് മുൻപ് സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരാരും തന്നെ അവ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ നരേന്ദ്ര മോദിയുടെ വാക്കുകളും കാഴ്ചപ്പാടുകളും വ്യക്തമായ ആസൂത്രണത്തിനെ ഭാഗമാണ്. അത് നടപ്പിലാക്കാനുള്ള ജനസമ്മതിയും ആർജ്ജവവും അദ്ദേഹത്തിനുണ്ടെന്നും മുൻ ബിജെപി എം പിയായിരുന്ന ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു.
2019 മാർച്ച് 31ന് ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന ശത്രുഘ്നൻ സിൻഹ ബിഹാറിലെ പട്നാ സാഹിബ് മണ്ഡലത്തിൽ നിലവിലെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദിനോട് 284657 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു.

