നെടുമങ്ങാട്: അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ.പി.ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ (Rajan P Dev Wife Arrested) . മരുമകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. നെടുമങ്ങാട് എസ്.പി ഓഫീസിൽ ഹാജ
രാക്കിയ ഇവരെ ജാമ്യം നൽകി വിട്ടയക്കുമെന്നാണ് വിവരം.
മരുമകൾ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭർത്താവ് ഉണ്ണിയെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021 ഏപ്രിൽ 13നായിരുന്നു നടൻ രാജൻ പി ദേവിന്‍റെ മകൻ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന്‍റെ പേരിൽ ഇവർ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന് പേരിൽ ഉണ്ണി പ്രിയങ്കയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

