തിരുവനന്തപുരം: താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിർദ്ദേശവും അതിനെ എതിർത്ത് ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും തുടർന്ന് സിനിമാ മേഖലയിൽ തുടങ്ങിയ തർക്കത്തിന് പരിഹാരമായില്ല. മോഹൻലാലും മമ്മൂട്ടിയും വിഷയത്തിൽ അനുനയ ശ്രമവുമായി എത്തിയിട്ടും പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. ഇരുവരും നിർമ്മാതാവ് ജി സുരേഷ്‌കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല.
.
താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഇതിന് അമ്മ ഒഴികെ സിനിമാ മേഖലയിലെ മറ്റു സംഘടനകളുടെ പിന്തുണയും ഉണ്ട്. 1000 കോടി രൂപയാണ് മലയാള സിനിമ വ്യവസായത്തിന് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് അവർ കണക്കുകൾ നിരത്തുന്നു. ഈ നഷ്ടം മേഖലയ്ക്ക് താങ്ങാൻ കഴിയാത്തതാണെന്നും സംഘടന പറയുന്നു.
ബിഗ് ബജറ്റ് ചിത്രങ്ങൾ മലയാള സിനിമാ വ്യവസായത്തെ തകർക്കുമെന്നും താരങ്ങൾ പ്രതിഫലം കുറയ്‌ക്കണമെന്നും നിർമ്മാതാവ് ജി സുരേഷ്‌കുമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിമ്മാതാവായ ആന്റണി പെരുമ്പാവൂർ അതിനെ എതിർത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ മോഹൻലാലും പൃഥ്വിരാജും അടക്കമുള്ള താരങ്ങൾ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ നിർമ്മാതാക്കളുടെ സംഘടന ജി സുരേഷ്‌കുമാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

