ദില്ലി: ഇന്ത്യന്‍ കഫ് സിറപ്പ് കയറ്റുമതിക്കാർക്ക് നിർദ്ദേശങ്ങൾ നൽകി ഡിജിഎഫ്ടി.ഇനിമുതൽ കയറ്റുമതി ചെയ്യുന്ന മുഴുവൻ മരുന്നുകളും വിദേശത്തേക്ക് അയയ്ക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡിജിഎഫ്ടി വ്യക്തമാക്കി.പരിശോധനയ്ക്ക് വിധേയമാക്കി ഗുണനിലവാരം ഉറപ്പാക്കിയ ശേഷം മാത്രമേ കയറ്റി അയക്കാനുള്ള അനുമതി നല്കുകയുള്ളുവെന്ന് ഡിജിഎഫ്ടി അറിയിച്ചു. ജൂണ്‍ 1 മുതല്‍ പരിശോധന നടത്തണമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (ഡിജിഎഫ്ടി) വിജ്ഞാപനം.
നിര്‍ദ്ദേശം അനുസരിച്ച്, കയറ്റുമതിക്കാര്‍ അംഗീകൃത ലബോറട്ടറികള്‍ നല്‍കുന്ന ബാച്ചുകളുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്, അതിനുശേഷം മാത്രമേ ചരക്ക് കയറ്റുമതിക്ക് ഡിജിഎഫ്ടി അംഗീകാരം നല്‍കൂ. കയറ്റുമതി ചരക്കില്‍ നിന്നുള്ള സാമ്പിളുകള്‍ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍, CDSCO ലാബുകളായ RDTL (ചണ്ഡീഗഢ്), CDL (കൊല്‍ക്കത്ത), CDTI (ചെന്നൈ), CDTI (ഹൈദരാബാദ്), CDTL (മുംബൈ), RDTI (ഗുവാഹത്തി) എന്നിവിടങ്ങളില്‍ പരിശോധിക്കാം. കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ NABL അംഗീകൃത ഡ്രഗ് ടെസ്റ്റിംഗ് ലാബുകളിലും പരിശോധനയ്ക്ക് അനുമതിയുണ്ട്.

