കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വ്യാപക അക്രമം. മുര്‍ഷിദാബാദ് ജില്ലയില്‍ ഉണ്ടായ ആക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാംസര്‍ഗഞ്ച് പ്രദേശത്തെ ജാഫ്രാബാദിലാണ് അച്ഛനെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദിലെ സുതി, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 118 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സാംസര്‍ഗഞ്ച് ബ്ലോക്കിലെ ധുലിയനില്‍ ഇന്നലെ രാവിലെ നടന്ന പോലീസ് വെടിവയ്പ്പിൽ ഒരാള്‍ക്ക് വെടിയേറ്റതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
മുര്‍ഷിദാബാദില്‍ തുടങ്ങിയ ആക്രമങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജാന്‍ഗിപൂരില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനം അഗ്നിക്കിരയാക്കി.

