തിരുവനന്തപുരം: മദ്യപിച്ചെത്തി വീട്ടിൽ പരാക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം തലയലില്‍ സതീഷ്(42) ആണ് പിടിയിലായത്. ഭാര്യയെയും മകനെയും ആക്രമിക്കാന്‍ ശ്രമിച്ച ഗൃഹനാഥനെ പിടികൂടാനെത്തിയ ബാലരാമപുരം സ്റ്റേഷനിലെ പോലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ ഗ്ലാസും പ്രതി അടിച്ചു തകർത്തു. ഒരുമണിക്കൂറോളം നടത്തിയ മല്‍പ്പിടിത്തത്തിനൊടുവിലാണ് പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത്.
മദ്യപിച്ച് വീട്ടിലെത്തിയ സതീഷ് ഭാര്യ വിജിതയെ വീട്ടിനുള്ളില്‍ അടച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ചതായി പോലീസ് പറയുന്നു. തുടർന്ന് അവശനിലയിലായ വിജിതയെ ആശുപത്രിയിൽ കൊണ്ടുപോകുവാന്‍ ശ്രമിച്ച മകൻ അജീഷിനെ സതീഷ് തടഞ്ഞു. ഇതോടെ അജീഷ് പോലീസ് സ്റ്റേഷനില്‍ എത്തി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയകുമറിനോട് അമ്മയെ മര്‍ദ്ദിക്കുന്ന വിവരം അറിയിച്ചു. തുടർന്ന് പോലീസ് സംഘം വീട്ടിലെത്തുമ്പോഴും വിജിതയെ സതീഷ് ഉപദ്രവിക്കുകയായിരുന്നു.
പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെയും അക്രമിക്കാന്‍ ശ്രമിച്ച സതീഷ് വീട്ടു സാധനങ്ങൾ തകർത്തു. പിന്നാലെ കത്തി കാണിച്ച് ആത്മഹത്യാ ഭീഷണിയായി. പോലീസ് സംഘത്തിന് നേരെയും കത്തിവീശി. പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിക്കുംതോറും വീണ്ടും അക്രമാസക്തനായി. തുടർന്ന് ഗ്യാസ് സിലിണ്ടര്‍ തുറന്ന് തീ കത്തിക്കുന്നതിനുള്ള ശ്രമം നടത്തിയപ്പോഴാണ് പോലീസ് സംഘം സാഹസികമായി വീടിനുള്ളില്‍ കയറി മല്‍പ്പിടിത്തത്തിലൂടെ സതീശിനെ കീഴ്‌പ്പെടുത്തി.
പോലീസ് ജീപ്പിലേക്ക് സതീഷിനെ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ജീപ്പിന്റെ പിന്‍വശത്തെ ഗ്ലാസ് കൈകൊണ്ട് അടിച്ച് തകര്‍ത്ത് പ്രതി വീണ്ടും അക്രമാസക്തമായി. മൽപ്പിടുത്തത്തിലൂടെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തി വാഹനം നശിപ്പിച്ചതിനും വീട്ടില്‍ ആക്രമം നടത്തിയതിനും സതീഷിനെതിരെ കേസെടുത്തു.

