കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിലെത്തിയാകും പ്രമോദ് കോട്ടൂളി പരാതി നൽകുക. പി എസ് സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കും.
ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാന്‍റ്പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് രാവിലെ പത്ത് മണിക്ക് ബിജെപി, കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. എന്നാൽ പ്രമോദ് കോട്ടൂളിക്ക് പണം നൽകിയെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ലെന്നു വെളിപ്പെടുത്തികൊണ്ട് പരാതിക്കാരൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രമോദുമായി യാതൊരുവിധ പണമിടപാടും നടത്തിയിട്ടില്ല. വീടിനു മുന്നിൽ സമരം നടത്തിയതിൽ പരാതിയില്ലെന്നും പ്രമോദ് സുഹൃത്താണെന്നും ശ്രീജിത്ത് വ്യക്തമാക്കി.

