നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ എംഎൽഎ പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവർ തീരുമാനം അറിയിച്ചത്.
‘ഇപ്പോൾ എന്റെ ജീവൻ പോലും അപകടത്തിലാണ്. ഒരു ഭാഗത്ത് പിണറായി, ഒരു ഭാഗത്ത് സതീശൻ, ഒരു ഭാഗത്ത് ആർഎസ്എസ്. ഇവർ മൂന്നും കൂടി എന്നെ ഞെക്കിപ്പിഴിയാനുള്ള തീരുമാനമാണ്. 2026-ലെ തെരഞ്ഞെടുപ്പ് വരേ ഒരുപക്ഷെ ജീവിച്ചിരിക്കും. ജനങ്ങൾ നിലമ്പൂരിൽ എന്നെ കൈവിട്ടാൽ ഞാൻ ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. എന്റെ വിധി അതാണെങ്കിൽ അത് നടക്കട്ടെ എന്നാണ് എന്റെയും തീരുമാനം. മരണത്തെ ഞാൻ ഭയപ്പെടുന്നില്ല. എന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട ജനങ്ങൾക്ക് സമർപ്പിക്കുന്നു. ജനങ്ങൾക്ക് വേണ്ടി പദവികളും സൗകര്യങ്ങളും മുഴുവൻ ത്യജിച്ച് നിങ്ങളെ വിശ്വസിച്ച് പോരാട്ടത്തിനിറങ്ങുന്നു.എന്റെ കൂടെ വരാൻ ഒരാളുമില്ല. താൻ അല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർത്ഥിയാണ്. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ പാവപ്പെട്ട, പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയോര കർഷകരുൾപ്പെടെ എല്ലാ സാധാരണക്കാർക്കും സമർപ്പിക്കും.- പി.വി. അൻവർ പറഞ്ഞു.

