Friday, December 12, 2025

തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പി വി അൻവറിന്റെ വാർത്താസമ്മേളനം; നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥനോട് കയർത്തു; ചട്ടലംഘനത്തിന് കേസെടുത്തേക്കും

ചേലക്കര: തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് ചേലക്കരയിൽ പി വി അൻവർ എം എൽ എ യുടെ വാർത്താ സമ്മേളനം. പരസ്യ പ്രചാരണം അവസാനിച്ചതിനാൽ വാർത്താ സമ്മേളനം നടത്തരുതെന്ന് ആദ്യം തന്നെ പോലീസ് വിലക്കിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് അൻവർ വാർത്താ സമ്മേളനം തുടരുകയായിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനായ എക്സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് വിവേക് വാർത്താ സമ്മേളനം നടക്കുകയായിരുന്ന അരമന ഹോട്ടലിൽ എത്തി അൻവറിന് നോട്ടീസ് നൽകി. എന്നിട്ടും അദ്ദേഹം വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്താ സമ്മേളനം വിലക്കുന്നത് എന്ന് പറയു, നിയമ വിരുദ്ധമെങ്കിൽ വാർത്താ സമ്മേളനം നിർത്താം എന്നായിരുന്നു അൻവറിന്റെ നിലപാട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനോട് കയർത്ത പി വി അൻവർ വാർത്താ സമ്മേളനം തുടരുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ മടങ്ങി. വിഷയം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. താൻ ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിന് മുമ്പ് കൃത്യമായ നിയമോപദേശം തേടിയിരുന്നുവെന്നും പി വി അൻവർ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ മുന്നണികൾ വ്യാപകമായി പണം ഒഴുക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles