നിര്‍ണായക പ്രഖ്യാപനം നടത്തുമെന്നറിയിച്ച് നാളെ വാർത്താസമ്മേളനം വിളിച്ച് നിലമ്പൂർ എംഎല്‍എ പി വി അന്‍വര്‍. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വച്ചാകും വാര്‍ത്താസമ്മേളനംഎംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന. കൂറുമാറ്റ നിരോധന നിയമപ്രകാരം തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം. എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതിലൂടെ അയോഗ്യത മറി കടക്കാനാണ് നീക്കമെന്നാണ് സൂചന.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ പി വി അന്‍വര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തൃണമൂൽ ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ ഓഫീസിൽ വച്ചാണ് അൻവർ തൃണമൂൽ അംഗത്വമെടുത്തത്.
സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ അന്‍വര്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാനാണ് ആദ്യം ശ്രമിച്ചത്. ഇതിനായി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടനയുണ്ടാക്കി. എന്നാല്‍ സിപിഎമ്മുമായി നല്ല ബന്ധം തുടരുന്ന ഡിഎംകെ അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാന്‍ തയ്യാറായില്ല.പിന്നീട് ദില്ലിയിലെത്തിയ അന്‍വര്‍ തൃണമൂല്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.
നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചു തകർത്ത കേസില്‍ ഒരുദിവസം ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ അന്‍വര്‍ യു.ഡി.എഫുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനിടെയാണ് തൃണമൂലില്‍ അംഗത്വമെടുക്കുന്നത്.

