പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പിന്‍വലിക്കേണ്ടി വന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അപമാനപ്പെടുത്തിയാല്‍ താനങ്ങ് സഹിക്കുമെന്നും പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ അന്തിമ തീരുമാനം നാളെ അറിയിക്കുമെന്നും അൻവർ വ്യക്തമാക്കി. അതേസമയം ചേലക്കരയില്‍ ഡിഎംകെ സ്ഥാനാർത്ഥിയെ നിര്‍ത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.
“കഴിഞ്ഞ നാലഞ്ചുദിവസമായി ഒരു പ്രൊഫഷണല്‍ സര്‍വേ ടീം പാലക്കാട് വര്‍ക്കുചെയ്തുകൊണ്ടിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പിന്റെ എല്ലാ ആങ്കിളുകളും പരിശോധിക്കാന്‍ അവരെ ഏല്‍പിച്ചിട്ടുണ്ട്. ആ സര്‍വേ വിലയിരുത്തിയായിരിക്കും അടുത്തദിവസം തീരുമാനം അറിയിക്കുക.
ഡിഎംകെയെ പിന്തുണയ്ക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട മുതിര്‍ന്ന പ്രവര്‍ത്തകരുടെ യോഗം സൂം മീറ്റിങ്ങിലൂടെ ബുധനാഴ്ച നടത്തും. തെരഞ്ഞെടുപ്പിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തി എന്തു നിലപാടാണോ സ്വീകരിക്കേണ്ടത് ആ നിലപാട് നാളെ സ്വീകരിക്കും.”- പി.വി അന്‍വര്‍ പറഞ്ഞു.
പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകളില്‍ പാലക്കാടും ചേലക്കരയും ഡി.എം.കെയ്ക്ക് സ്ഥാനാര്‍ഥികള്‍ ഉണ്ടാവുമെന്നും വയനാട്ടില്‍ പ്രിയങ്കാഗാന്ധിയെ പിന്തുണയ്ക്കുമെന്നുമായിരുന്നു അന്‍വര്‍ മുമ്പ് പറഞ്ഞത്. ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നും അന്‍വര്‍ കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം കോൺഗ്രസ് തള്ളിക്കളഞ്ഞു.

