ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചാം സീഡായ പി വി സിന്ധു ജപ്പാന്റെ അയാ ഒഹോരിയെ തോല്‍പിച്ചാണ് ക്വാര്‍ട്ടറിൽ കടന്നത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് ജപ്പാന്‍ താരം ഒഹോരി നേടി. പിന്നീട് മികച്ച പ്രകടനം പുറത്തെടുത്ത സിന്ധു രണ്ടും മൂന്നും സെറ്റ് നേടി മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 11-21, 21-10, 21-13.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ബി സായ് പ്രണീതും ക്വാര്‍ട്ടറിലെത്തി. ജപ്പാന്‍ താരം കാന്ദ സുനേയമയെ പരാജയപ്പെടുത്തിയാണ് സായ്പ്രണീത് ക്വാര്‍ട്ടറില്‍ കടന്നത്. 45 മിനിറ്റ് നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയാണ് സായ് പ്രണീത് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-13, 21-16.
അതേസമയം ഇന്ത്യയുടെ മലയാളിതാരം എച്ച് എസ് പ്രണോയ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ഡാനിഷ് താരത്തോട് തോറ്റാണ് പ്രണോയ് പുറത്തായത്. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ നാളെ നടക്കും. പി വി സിന്ധുവിന് ജപ്പാന്‍റെ അകാനെ യമാഗുച്ചിയാണ് ക്വാര്‍ട്ടര്‍ഫൈനല്‍ എതിരാളി.സായ് പ്രണീത് ഇന്തോനേഷ്യയുടെ ടോമി സുഖിയാര്‍ത്തോയെ നേരിടും. ഇക്കഴിഞ്ഞ ഇന്തോനേഷ്യന്‍ ബാഡ്മിന്‍റണ്‍ ഫൈനലില്‍ ജപ്പാന്‍റെ അകാനെ യമാഗുച്ചിയോട് പി വി സിന്ധു പരാജയപ്പെട്ടിരുന്നു.

