ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ടോക്കിയോയിലെത്തും. ഇന്ന് ടോക്കിയോയിലെത്തി വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മുഖ്യ അജൻഡയെന്ന് പ്രധാനമന്ത്രിപറഞ്ഞു. കൂടാതെ ഇന്ത്യയിലെ വ്യാപാര മേഖലക്ക് ഉണർവ് നൽകുന്ന നിർദ്ദേശങ്ങൾ പ്രധാനമന്ത്രി കേൾക്കും. ഇന്ത്യയും ജപ്പാനും തമ്മിൽ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായിരിക്കും ചർച്ചകളിൽ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ തുടങ്ങിയവരുമായി മോദി കൂടികാഴ്ച നടത്തും. ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്.
രണ്ടാമത്തെ ഇൻ-പേഴ്സൺ ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്വാഡ് സംരംഭങ്ങളുടെ പുരോഗതി ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പര താൽപ്പര്യമുള്ള ആഗോള പ്രശ്നങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ പങ്കുവെയ്‌ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് സാഹചര്യത്തിലെ വിപണിയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകും. ചർച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി നടക്കുക. ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷയും, സാമ്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

