തിരുവനന്തപുരം : പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കാമുകിയും ക്വട്ടേഷന്‍ സംഘവും വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപ്രതികള്‍ ഇന്ന് പോലീസിൽ കീഴടങ്ങി. അയിരൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇവർകീഴടങ്ങിയത്. പോലീസ് ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കേസില്‍ ആകെ എട്ടുപ്രതികളാണുള്ളത്.
ഒന്നാംപ്രതിയും മർദനത്തിനിരയായ യുവാവിന്റെ കാമുകിയുമായിരുന്ന ലക്ഷ്മിപ്രിയ, കേസിലെ എട്ടാംപ്രതിയായ അമല്‍മോഹന്‍ എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലുള്ള ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായി അന്വേഷണസംഘം കോടതിയെ സമീപിക്കും. അതേസമയം കേസിലെ ഏഴാംപ്രതിയായ ജോസഫ് ഇപ്പോഴും ഒളിവിലാണ്. അതേസമയം, മര്‍ദനമേറ്റ യുവാവ് യുവതിക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചിരുന്നതായുള്ള ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.

