Thursday, January 8, 2026

ലാലിഗ മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേർ അറസ്റ്റിൽ

മാഡ്രിഡ്: ലാ ലിഗ മത്സരത്തിനിടെ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റ താരം വിനീഷ്യസ് ജൂനിയർ വംശീയ അധിക്ഷേപത്തിനിരയായ സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ.

കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ താരത്തിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച ലിഗയില്‍ വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. ഗാലറിയിലെ ഒരു വശത്തിരുന്നവർ താരത്തെ തുടര്‍ച്ചയായി കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. അധിക്ഷേപം അതിരു കടന്നതോടെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ഗാലറിയില്‍ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ താരത്തിന് നേരേ തിരിഞ്ഞു. പിന്നീട് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. പുനരാരംഭിച്ച മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ വലന്‍സിയ താരം ഹ്യൂഗോ ഡ്യുറോയുമായി വഴക്കിലേർപ്പെട്ട വിനീഷ്യസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകുകയും ചെയ്തു.

മത്സര ശേഷം സമൂഹ മാദ്ധ്യമത്തിൽ പ്രതികരണവുമായി വിനീഷ്യസ് രംഗത്തെത്തി. ഇത് ആദ്യത്തെ സംഭാവമല്ലെന്നും ലാ ലിഗയില്‍ വംശീയാധിക്ഷേപം സാധാരണമാണെന്നും വിനീഷ്യസ് കുറിച്ചു. ഒരുകാലത്ത് റൊണാള്‍ഡീഞ്ഞ്യോ, റൊണാള്‍ഡോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരുടേതായിരുന്ന ഈ ചാമ്പ്യന്‍ഷിപ്പ് ഇപ്പോള്‍ വംശവെറിയന്‍മാരുടേതാണെന്നാണ് വിനീഷ്യസ് തുറന്നടിച്ചത്.

Related Articles

Latest Articles