തിരുവനന്തപുരം : കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ അതിക്രൂര റാഗിംഗിനിരയാക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എസ്എഫ്.ഐ നേതാക്കളെ സാമൂഹ്യ വിരുദ്ധരായി കണക്കാക്കി ഒറ്റപ്പെടുത്താന്‍ സിപിഎം നേതാക്കൾ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
“എസ്എഫ്ഐയുടെ പ്രമുഖ നേതാക്കളാണ് അതിക്രൂര റാഗിങ് നടത്തി ചരിത്രം ആവര്‍ത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ കാമ്പസുകളിലെ അതിക്രൂരമായ റാഗിങ്ങുകള്‍ നടത്തുന്നതെല്ലാം ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയാണ്. റാഗിങ് നടന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേസ് എടുത്ത് അന്വേഷണം നടത്തുന്നതിലുള്ള പാളിച്ചയും സംഭവങ്ങളിൽ ഇവർക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിക്കുന്ന സഹായവുമാണ് ഇത്തരത്തിലുളള ക്രൂരതകള്‍ ആവര്‍ത്തിക്കുന്നതിന് കാരണം.”- സുരേന്ദ്രന്‍ വിമര്‍ശിച്ചു.
അതേസമയം കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ റാഗിംഗിന് വിധേയരാക്കിയ എസ്എഫ്ഐ പ്രവർത്തകരായ ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.എസ്എഫ്ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
എസ്എഫ്ഐ യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു തന്നെ ക്രൂരമായി ഉപദ്രവിച്ചതെന്ന് റാഗിംഗിനിരയായ വിദ്യാർത്ഥി വെളിപ്പെടുത്തി.

