തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും സൈബറിടത്തിൽ അധിക്ഷേപിച്ചുമെന്നുമുള്ള കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ നിരാഹാര സമരം അവസാനിപ്പിച്ചു. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകി. 7 മണിയോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. നേരത്തെ കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ചീഫ് അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതി നാല് ആണ് ജാമ്യം തള്ളിയത്. അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിനായി അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
പീഡനത്തിനിരയായ പെൺകുട്ടികളെ ആദ്യമായല്ല രാഹുൽ ഈശ്വർ മോശമായി ചിത്രീകരിക്കുന്നതെന്നും ഇതിന് മുമ്പും ഇത്തരത്തിലുള്ള കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്ഥിരമായി ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നു. ഈ കേസിൽ ജാമ്യം നൽകിയാൽ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്നും ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

