ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള കഴിവില്ലെന്ന് പറഞ്ഞ മിൽബെൻ, അദ്ദേഹം തന്റെ ‘ഐ ഹേറ്റ് ഇന്ത്യ’ യാത്ര പുനരാരംഭിക്കുന്നതാണ് നല്ലതെന്നും പരിഹസിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനുള്ള പക്വതയില്ലെന്ന് മിൽബെൻ തുറന്നടിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ‘ഭയമാണ്’ എന്ന രാഹുൽ ഗാന്ധിയുടെ ‘എക്‌സി’ലെ പോസ്റ്റിന് മറുപടി നൽകുകയായിരുന്നു മിൽബെൻ.
രാഹുൽ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായി മിൽബെൻ ഇങ്ങനെ കുറിച്ചു: “രാഹുൽ ഗാന്ധിക്ക് തെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രമ്പിനെ ഭയപ്പെടുന്നില്ല. പ്രധാനമന്ത്രി മോദി ‘ലോംഗ് ഗെയിം’ മനസ്സിലാക്കുന്നു, അമേരിക്കയുമായുള്ള അദ്ദേഹത്തിന്റെ നയതന്ത്രം തന്ത്രപരമാണ്.”
“അമേരിക്കൻ പ്രസിഡന്റ്എപ്പോഴും അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതുപോലെ, പ്രധാനമന്ത്രി മോദിയും ഭാരതത്തിന് ഏറ്റവും മികച്ചത് എന്താണോ അത് ചെയ്യും. അതിനെ ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തലവന്മാർ ചെയ്യുന്നത് അതാണ്,” മിൽബെൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രമ്പും “അവരുടെ രാജ്യത്തിന് ഏറ്റവും മികച്ചത് എന്താണോ” അതാണ് ചെയ്യുന്നതെന്നും, ഈ നേതൃത്വത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് മനസ്സിലാക്കാൻ കഴിയില്ലെന്നും അവർ പരിഹസിച്ചു. “നിങ്ങൾക്ക് ഭാരതത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള കഴിവില്ലാത്തതിനാൽ ഇത്തരത്തിലുള്ള നേതൃത്വത്തെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ ഒരാൾ മാത്രം ശ്രോതാവായുള്ള ‘ഐ ഹേറ്റ് ഇന്ത്യ’ യാത്രയിലേക്ക് മടങ്ങുന്നതാണ് ഏറ്റവും നല്ലത്,” ഗായിക രൂക്ഷമായി വിമർശിച്ചു.
ആരാണ് മേരി മിൽബെൻ?
അമേരിക്കൻ നടി, സാംസ്കാരിക അംബാസഡർ എന്നീ നിലകളിൽ പ്രശസ്തയാണ് മേരി മിൽബെൻ. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിച്ചപ്പോൾ അവർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും റോണാൾഡ് റീഗൻ കെട്ടിടത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ പാദത്തിൽ തൊട്ട് വന്ദിച്ച് അനുഗ്രഹം തേടിയ സംഭവം അന്ന് വലിയ വാർത്തയായിരുന്നു.

