ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവെക്കാനുള്ള തീരുമാനത്തിലുറച്ച് രാഹുൽ ഗാന്ധി. ശനിയാഴ്ച ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ നേതാക്കളെല്ലാം ഏകകണ്ഠമായി രാജിതീരുമാനം തള്ളിയെങ്കിലും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന വാശിയിലാണ് രാഹുൽ.
ഇക്കാര്യം തിങ്കളാഴ്ച രാവിലെ തന്നെക്കണ്ട കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരെ രാഹുൽ അറിയിച്ചതായാണറിയുന്നത്. അതേസമയം, ഇരുവരും ഇക്കാര്യം നിഷേധിച്ചു. രാജിക്കാര്യം പ്രവർത്തകസമിതി ചർച്ച ചെയ്യുകയും നിരാകരിക്കുകയും ചെയ്തതാണെന്ന് വേണുഗോപാൽ പറഞ്ഞു. സാധാരണ ഭരണപരമായ കാര്യങ്ങൾ സംസാരിക്കാനാണ് രാഹുലിനെ കണ്ടതെന്ന് അഹമ്മദ് പട്ടേലും ട്വീറ്റ് ചെയ്തു.
നെഹ്രുകുടുംബത്തിനു പുറത്തുനിന്നുള്ള ആരെങ്കിലും അധ്യക്ഷസ്ഥാനത്തു വരണമെന്നാണ് രാഹുലിന്റെ കടുംപിടിത്തമെന്നറിയുന്നു. തീരുമാനത്തെ പ്രവർത്തകസമിതിയിൽ ആദ്യം ശക്തമായെതിർത്ത സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും ഇപ്പോൾ രാഹുലിന്റെ തീരുമാനത്തിനൊപ്പമാണ്. പ്രിയങ്കാഗാന്ധിയെ നേതൃസ്ഥാനത്തേക്കു കൊണ്ടുവന്നുകൂടേയെന്ന ചില നേതാക്കളുടെ നിർദേശത്തോട് അവരെ ഇതിലേക്ക് വലിച്ചിഴക്കേണ്ടയെന്നു രാഹുൽ പ്രതികരിച്ചിരുന്നു.
അധ്യക്ഷസ്ഥാനം രാജിവെക്കാതെ നെഹ്രുകുടുംബത്തിന് പുറത്തുനിന്നൊരാളെ വർക്കിങ് പ്രസിഡന്റ് ആക്കാനുള്ള നിർദേശവും രാഹുൽ അംഗീകരിച്ചില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരെ കാണാനിരുന്നത് അദ്ദേഹം നീട്ടിവെച്ചു. മറ്റു പരിപാടികളും താത്‌കാലികമായി റദ്ദാക്കി. ഈയാഴ്ച വയനാട്ടിലെ വോട്ടർമാരെ കാണാൻ തീരുമാനമെടുത്തിരുന്നുവെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.
രാഹുൽ രാജിക്കൊരുങ്ങിയെന്നും പ്രവർത്തകസമിതി യോഗം തള്ളിയെന്നും വാർത്ത പുറത്തുവന്നപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പരിഹാസം ഉയർന്നിരുന്നു. ഇതും രാഹുലിന്റെ ഇപ്പോഴത്തെ തീരുമാനത്തിനു കാരണമാണെന്നാണു സൂചന.

