സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ ആരോപണം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലുമായി മുൻ അഗ്നിവീറിന്റെ കുടുംബം. 2023 ഒക്ടോബറിൽ സിയാച്ചിനിൽ വെച്ച് വീരമൃത്യു വരിച്ച അഗ്നിവീർ അക്ഷയ് ഗവാതെയുടെ പിതാവ് ലക്ഷ്മൺ ഗവാതെ ആണ് തങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ച സഹായം വ്യക്തമാക്കി മുന്നോട്ട് വന്നത്.
മകൻ വീരമൃത്യു വരിച്ച ശേഷം കുടുംബത്തിന് 48 ലക്ഷം രൂപ ഇൻഷുറൻസ് തുക ആയി ലഭിച്ചെന്നും ഇതിനുപുറമെ കേന്ദ്ര സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയും, സംസ്ഥാന സർക്കാരിൽ നിന്ന് 10 ലക്ഷം രൂപയും ലഭിച്ചെന്നും ലക്ഷ്മൺ ഗവാതെ പറഞ്ഞു.
സൈനിക സേവനത്തിനിടെ വീരമൃത്യു വരിക്കുന്ന അഗ്നീവീർമാരുടെ കുടുംബത്തിന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ ആരോപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും അവ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും, ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ ആവശ്യപ്പെട്ടിരുന്നു.

