റോഹ്താസ് : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. രാഹുൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുകയാണെന്ന് തുറന്നടിച്ച അദ്ദേഹം രാഹുൽ നടത്തിയ യാത്ര വോട്ട് മോഷണത്തിനെതിരേ ആയിരുന്നില്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയായിരുന്നുവെന്നും ആരോപിച്ചു. ബിഹാറിലെ റോഹ്താസിൽ നടന്ന റാലിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
‘എപ്പോഴും തെറ്റിദ്ധാരണ പടർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിനടത്തിയ യാത്ര വോട്ട് മോഷണത്തിന്റെ പേരിലായിരുന്നില്ല. ബിഹാറിലെ വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ യാത്ര. തൊഴിലില്ലായ്മയോ റോഡുകളെക്കുറിച്ചോ വൈദ്യുതി ലഭിക്കാത്തതിനെക്കുറിച്ചോ യാത്രയിൽ പരാമർശിച്ചില്ല. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെ രക്ഷിക്കുക എന്നതായിരുന്നു രാഹുലിന്റെ പര്യടനത്തിലെ ഉദ്ദേശം.
നുഴഞ്ഞു കയറ്റക്കാർക്ക് വോട്ടവകാശമോ സൗജന്യ റേഷനോ വേണോ? നുഴഞ്ഞു കയറ്റക്കാർക്ക് ജോലി, വീടുകൾ, ചികിത്സ എന്നിവ നൽകണോ? നമ്മുടെ ഈ യുവാക്കൾക്ക് പകരം നുഴഞ്ഞു കയറ്റക്കാർക്ക് രാഹുൽ ഗാന്ധിയും കമ്പനിയും ജോലി നൽകുന്ന പ്രവൃത്തിയാണ് ഏറ്റെടുത്തിരിക്കുന്നത്. എല്ലാ വീടുകളിലും പോയി അവരുടെ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചാൽ, ബിഹാറിലെ എല്ലാ ജില്ലയിലും നുഴഞ്ഞു കയറ്റക്കാർ മാത്രമേ ഉണ്ടാകൂഎന്ന് പറയേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്’ – അമിത് ഷാ പറഞ്ഞു.

