തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിന്റെ ഫ്ലാഗ്ഓഫ് ചടങ്ങിനുശേഷം നടക്കുന്ന ട്രെയിനിൻെറ ഔദ്യോഗികമായ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കില്ല. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിന് ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിലാകും അദ്ദേഹം പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
തമ്പാനൂർ, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല. ഉദ്ഘാടന വേദിക്ക് എതിർവശത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടന സമയത്ത് അര മണിക്കൂറോളം പ്രവർത്തനം നിർത്തി വയ്ക്കും. ബസ് സർവീസുകൾ വികാസ് ഭവൻ സ്റ്റാൻഡിൽനിന്ന് നടത്തും. തമ്പാനൂർ ഷോപ്പിങ് കോംപ്ലക്സിലെ ഓഫിസുകളും കടകളും 11 മണിക്ക് ശേഷമേ പ്രവർത്തനമാരംഭിക്കൂ. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്കാണ് വന്ദേഭാരതിൽ സഞ്ചരിക്കാൻ അനുവാദമുള്ളത്. കൂടുതൽ സ്റ്റോപ്പുകളും അനുവദിച്ചു.
അതെ സമയം എല്ലാ പ്രധാന സ്ഥലങ്ങൾക്കും പങ്കാളിത്തം ലഭിക്കാനാണ് ഉദ്ഘാടനദിവസം അധിക സ്റ്റോപ്പുകൾ അനുവദിച്ചതെന്ന് റെയില്‍വേ അറിയിച്ചു. 25ന് രാവിലെ 10.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ, 11.29ന് കൊല്ലത്തെത്തും. 2 മിനിറ്റിനുശേഷം കൊല്ലത്തുനിന്ന് യാത്ര പുനരാരംഭിക്കും. കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റാണ് ട്രെയിൻ നിർത്തുക. രാത്രി 9.15ന് ട്രെയിൻ കാസർഗോഡ് എത്തിച്ചേരും.

