തിരുവനന്തപുരം: യാത്രക്കാരുടെ വർധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത്, നിലമ്പൂർ-കോട്ടയം എക്സ്പ്രസ് ട്രെയിനിന് (നമ്പർ 16325/16326) രണ്ട് പുതിയ കോച്ചുകൾ കൂടി അനുവദിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ 12-ൽനിന്ന് 14 കോച്ചുകളായാണു വർധിപ്പിച്ചത്. മെയ് 21 മുതൽ, ട്രെയിനിൽ ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഒരു ജനറൽ ക്ലാസ് കോച്ചും ഒരു ചെയർ കാർ കോച്ചുമാണ് പുതുതായി കൂട്ടിച്ചേർത്തത്. ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾ നൽകിയ ശുപാർശകളും ദക്ഷിണ റെയിൽവേ നടത്തിയ വിശദമായ പരിശോധനയും പരിഗണിച്ചാണ് ഈ തീരുമാനം.
“ട്രെയിൻയാത്രയുമായി ബന്ധപ്പെട്ട സേവനങ്ങൾ പതിവായി വർധിപ്പിക്കുകയാണ്. യാത്രക്കാരുടെ ആവശ്യം, പ്രവർത്തനസാധ്യത, വിഭവങ്ങളുടെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്” – ശ്രീ അശ്വിനി വൈഷണവ് ലോക്‌സഭയിൽ വ്യക്തമാക്കി.
ഈ നടപടി നിലമ്പൂർ-കോട്ടയം റൂട്ടിലെ യാത്രക്കാരുടെ തിരക്ക് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കൂടാതെ, ജനറൽ കോച്ചുകളിലെ യാത്രാസൗകര്യം മെച്ചപ്പെടുത്താനും ചെയർ കാർ കോച്ചിന്റെ ലഭ്യത സുഖകരമായ യാത്രാനുഭവം ഉറപ്പാക്കാനും ഇത് വഴിയൊരുക്കും. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും റെയിൽവേ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.

