മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതിഥിയായി സൂപ്പർ സ്റ്റാർ രജനീകാന്തും പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാനായി അദ്ദേഹം ചെന്നൈയിൽ നിന്ന് ദില്ലിയിലേക്ക് യാത്ര തിരിച്ചു. മോദിയുടേത് വളരെ വലിയ നേട്ടമാണെന്നും ജവഹർലാൽ നെഹ്രുവിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിയായ വ്യക്തി നരേന്ദ്ര മോദിയാണെന്നും യാത്രതിരിക്കുന്നതിനു മുൻപ് വിമാനത്താവളത്തിൽവെച്ച് രജനീകാന്ത് വാർത്താ ഏജൻസികളോട് പ്രതികരിച്ചു.
“നരേന്ദ്ര മോദി തുടർച്ചയായ മൂന്നാംതവണയും പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻപോവുകയാണ്. ഇതൊരു വലിയ നേട്ടമാണ്. അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശക്തമായൊരു പ്രതിപക്ഷത്തേയും ജനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിലേക്ക് നയിക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്ന ചടങ്ങിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ വഴിയേ അറിയിക്കാം.” രജനീകാന്ത് പറഞ്ഞു
രാഷ്ട്രപതിഭവനിൽ ഇന്ന് വൈകുന്നേരം ഏഴേകാലിന് നടക്കുന്ന ചടങ്ങിലാണ് നരേന്ദ്രമോദിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ. ശുചീകരണത്തൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവർവരെ ഉൾപ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്. വൈകുന്നേരം 6.30-ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധി സമാധിയിൽ പുഷ്പങ്ങൾ അർപ്പിച്ചശേഷമാണ് നരേന്ദ്രമോദി സത്യപ്രതിജ്ഞാച്ചടങ്ങിനെത്തുക.

