ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ റാണ വലിയ സഹകരണം കാട്ടിയില്ല ചോദ്യങ്ങൾക്ക് അറിയില്ലെന്നോ ഓർമ്മയില്ലെന്നോ ആണ് മറുപടി. അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് ദുബായിൽ ആണെന്ന് എൻ ഐ എയ്ക്ക് സൂചന ലഭിച്ചു. അമേരിക്കൻ ഏജൻസികളാണ് വിവരം നൽകിയത്. റാണ ദുബായിൽ വച്ച് കൂടിക്കാഴ്ച നടത്തിയ ആൾ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഏജന്റ് ആണെന്നാണ് സൂചന. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് റാണ കൃത്യമായ ഉത്തരം നൽകിയില്ല.
ഹെഡ്‌ലിയുടെ നിർദ്ദേശപ്രകാരമാണ് റാണ ദുബായിൽ കൂടിക്കാഴ്ച നടത്തിയത്. റാണയുടെ നിർദ്ദേശപ്രകാരം ഒരാൾ ഹെഡ്‌ലിയ്ക്ക് ഇന്ത്യയിൽ സഹായം നൽകിയിരുന്നു. എംപ്ലോയീ ബി എന്നറിയപ്പെടുന്ന ആൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണെന്നാണ് സൂചന. ഇയാളെ കുറിച്ചുള്ള വിവരങ്ങളും റാണ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റാണയുടെ ശബ്‌ദ സാമ്പിളുകൾ പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കോടതിയുടെ അനുമതിയോടെ ശബ്ദസാമ്പിളുകൾ സ്വീകരിക്കാനാണ് നീക്കം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അമേരിക്കയിൽ ജയിലിൽ കഴിഞ്ഞിരുന്ന തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത്. 18 ദിവസത്തെ എൻ ഐ എ കസ്റ്റഡിയിലാണ് റാണ. ഇതിനുള്ളിൽ പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണ ഏജൻസിയായ എൻ ഐ എ യുടെ ലക്ഷ്യം. അന്വേഷണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ട് വിലയിരുത്തുകയാണ്. പാക് ഐ എസ് ഐ ലഷ്‌കർ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിന് ലഭിച്ച ഇന്ത്യൻ സഹായത്തെ കുറിച്ചാണ് എൻ ഐ എ പ്രധാനമായും വിവരങ്ങൾ ശേഖരിക്കുന്നത്.

