കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല. സൗത്ത് 24 പർഗാനാസിൽ നാലാം ക്ലാസുകാരിയാണ് ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. നദിക്കരയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരാണ് പെൺകുട്ടിയെ കാണാതായത്. രാത്രി 9 മണിയോടെ മാതാപിതാക്കൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയും ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.സംഭവത്തിൽ പ്രദേശത്ത് വൻ പ്രതിഷേധം നടക്കുകയാണ്. അക്രമാസക്തരായ ആൾക്കൂട്ടം ഒരു പോലീസ് ക്യാമ്പ് ആക്രമിക്കുകയും തീയിടുകയും ചെയ്തതായാണ് വിവരം
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പശ്ചിമബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവമുണ്ടായി രണ്ട് മാസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി രംഗത്തെത്തി. സത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി മമതാ ബാനർജി പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ബിജെപി നേതൃത്വം തുറന്നടിച്ചു.

