പശ്ചിമ ബംഗാൾ സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്ത പോലീസിന്റെ അന്വേഷണത്തിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയ തൃണമൂൽ എംപി സുഖേന്ദു ശേഖർ റേയ്ക്ക് നോട്ടീസ്. കൊൽക്കത്ത പോലീസിനെതിരെ വ്യാജപ്രചരണം നടത്തിയന്നാരോപിച്ച് നൽകിയിരിക്കുന്ന നോട്ടീസിൽ ഇന്ന് വൈകുന്നേരം പോലീസ് ആസ്ഥാനത്തെത്തി വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംഭവം ഉണ്ടായ ആദ്യ ഘട്ടത്തിൽ പോലീസ് അന്വേഷണം നിഷ്ക്രിയമായിരുന്നു എന്ന നിലയിൽ ശേഖർ റേ ട്വിറ്ററിൽ പങ്കുവച്ചിരുന്നു . കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ സ്നിഫർ ഡോഗുകളെ എന്ത് കൊണ്ട് ഉപയോഗിച്ചില്ലെന്നായിരുന്നു ശേഖർ റേയുടെ ചോദ്യം. കമ്മീഷണറെ ചോദ്യം ചെയ്യുന്നതിലൂടെ സത്യം പുറത്തുവരുമെന്നും എന്തുകൊണ്ടാണ് ആദ്യ ദിവസങ്ങളിൽ അന്വേഷണത്തിന് വേഗമുണ്ടാകാത്തതെന്നും റേ ചോദിച്ചു.
പിന്നാലെ തൃണമൂൽ നേതാവ് കുനാൽ ഘോഷും രംഗത്തുവന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശരിയായ രീതിയിൽത്തന്നെയാണ് കേസ് അന്വേഷിച്ചതെന്നും പാർട്ടിയുടെ ഒരു മുതിർന്ന നേതാവ് തന്നെ ഇത്തരത്തിലൊരു അഭിപ്രായം പറയരുതായിരുന്നെന്നും ഘോഷ് കുറിച്ചു. ഇതോടെ പാർട്ടിക്കുളിലെ അഭിപ്രായഭിന്നതയും പുറത്തുവന്നു.

