യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല. എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനുശേഷമാണിപ്പോള്‍ ജാമ്യം തള്ളിയുള്ള സുപ്രധാന വിധി. ഇന്നലെയും ഇന്നും രാഹുലിന്‍റെ ജാമ്യാപേക്ഷയിൽ ഇരുവിഭാഗത്തിന്‍റെയും വാദം നടന്നിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് വാദം നടന്നത്. ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിനുശേഷം ഒരു രേഖ കൂടി ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവടക്കം പരിശോധിച്ചശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കിയത്.
രാഹുലിന്‍റെ അറസ്റ്റ് തടയണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ, പ്രതിഭാഗത്തിന്‍റെ വാദം തള്ളികൊണ്ടാണിപ്പോള്‍ മുൻകൂര്‍ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരായ വിശദാംശങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രോസിക്യൂഷൻ വാദങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവ് വൈകാതെയിറങ്ങും.

