ബെംഗളൂരു: ഹാസനിലെ ഫാം ഹൗസിൽ വെച്ച് വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻ ജനതാദൾ (എസ്) എം.പി. പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രജ്വൽ രേവണ്ണയുടേത് അതീവ ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 14 മാസത്തിനുള്ളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കൊണ്ടുള്ള വിധി പുറത്തുവന്നത്. പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്.
രാഷ്ട്രീയത്തിൽ പെട്ടെന്ന് വളർന്നതാണ് താൻ ചെയ്ത തെറ്റെന്ന് പ്രജ്വൽ രേവണ്ണ കോടതിയിൽ പറഞ്ഞു. താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും, സ്ത്രീകൾ സ്വമേധയാ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പ്രോസിക്യൂഷൻ മനഃപൂർവ്വം അവരെ രംഗത്തിറക്കിയതാണെന്ന് പറഞ്ഞ പ്രജ്വൽ രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞു. എന്നാൽ, ശിക്ഷയിൽ ഇളവ് നൽകണമെന്ന അദ്ദേഹത്തിൻ്റെ ആവശ്യം കോടതി തള്ളി. ആറ് മാസമായി താൻ അച്ഛനെയും അമ്മയെയും ഉൾപ്പെടെയുള്ള കുടുംബത്തെ കണ്ടിട്ടില്ലെന്നും പ്രജ്വൽ കോടതിയെ അറിയിച്ചു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, രേവണ്ണ യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നായിരുന്നു ആരോപണം. തെളിവായി അതിജീവിത ഒരു സാരി സമർപ്പിച്ചിരുന്നു. ഫോറൻസിക് പരിശോധനയിൽ ഈ സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബലാത്സംഗം തെളിയിക്കുന്നതിനുള്ള പ്രധാന തെളിവായി കോടതി ഇത് സ്വീകരിച്ചത് കേസിൽ നിർണ്ണായകമായി.
പ്രജ്ജ്വൽ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് അതിജീവിത പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർഥിയായിരുന്നു പ്രജ്ജ്വൽ. ദൃശ്യങ്ങൾ പുറത്തായതോടെ, വോട്ടെടുപ്പുനടന്ന ദിവസം രാത്രി പ്രജ്ജ്വൽ വിദേശത്തേക്ക് മുങ്ങി. തിരിച്ചുവന്നപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം മേയ് 31-നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. തെരഞ്ഞെടുപ്പിൽ പ്രജ്വൽ നാൽപത്തിരണ്ടായിരത്തിലേറെ വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു.
രണ്ട് തവണ പ്രജ്വലിന്റെ ഫാം ഹൗസിലും ഒരു തവണ ബസവനഗുഡിയിലെ വീട്ടിലും വെച്ച് ജോലിക്കാരിയെ പീഡിപ്പിച്ചെന്നും, ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിന് പുറമെ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പ്രജ്വലിന്റെ പിതാവും എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും മാതാവ് ഭവാനി രേവണ്ണയും പ്രതികളാണ്.

