മാഞ്ചസ്റ്റർ : പാകിസ്ഥാന്റെ യുവ ക്രിക്കറ്റർ ഹൈദർ അലി ബലാത്സംഗക്കേസിൽ ഇംഗ്ലണ്ടിൽ അറസ്റ്റിലായി. നിലവിൽ ഇംഗ്ലണ്ട് പര്യടനം നടത്തുന്ന പാക് ക്രിക്കറ്റ് ടീമിലെ അംഗമാണ് ഹൈദർ അലി . ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസാണ് ഹൈദർ അലിയെ അറസ്റ്റ് ചെയ്തത്.
ജൂലൈ 23-നാണ് മാഞ്ചസ്റ്ററിലെ ഒരു സ്ഥലത്ത് വെച്ച് ബലാത്സംഗം നടന്നതായി പരാതി ലഭിച്ചത്. പരാതിയിന്മേൽ അറസ്റ്റിലായ ഹൈദറിന് പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഹൈദറിന്റെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തു. പാകിസ്താൻ വംശജയായ സ്ത്രീയാണ് ഹൈദറിനെതിരെ പരാതി നൽകിയിട്ടുള്ളതെന്നാണ് വിവരം.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഹൈദർ അലിയെ സസ്‌പെൻഡ് ചെയ്തു. നിയമപരമായ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും, ഹൈദറിന് ആവശ്യമായ നിയമസഹായം നൽകുമെന്നും പിസിബി അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ താരത്തിന് ടീമിൽ തുടരാനാകില്ല.
പാക് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ഓഗസ്റ്റ് 6-ന് അവസാനിച്ചിരുന്നു. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ ടീം ക്യാപ്റ്റൻ സൗദ് ഷക്കീലിനും ഹൈദർ അലിക്കും ഇംഗ്ലണ്ടിൽ തുടരേണ്ടിവന്നു. നേരത്തെ 2021-ലെ പാക് സൂപ്പർ ലീഗിനിടെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നും ഹൈദർ അലിക്ക് സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. 2020-ൽ പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ച ഈ 24-കാരൻ രണ്ട് ഏകദിനങ്ങളിലും 35 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

