കൊച്ചി : യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ പരിഗണിക്കും.
രണ്ട് വാദങ്ങളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലുള്ളത്. പരാതിക്കാരിയുടെ മൊഴി പരിശോധിച്ചാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല, ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും വൈവാഹിക അവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മാത്രമല്ല, ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാദ്ധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

