കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ പരാമർശം വിവാദമാകുന്നു. ഒറ്റപ്പെട്ട സംഭവത്തെ മുൻ നിർത്തി ബംഗാളിനെ മൊത്തത്തിൽ പഴിചാരേണ്ടതില്ല എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ വിവാദ പരാമർശം. എന്നാൽ ഇതിനെതിരെ ആരാധകരടക്കം രംഗത്ത് വന്നതോടെ പ്രൊഫൈൽ ചിത്രം മാറ്റി പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് താരം.
ആഗസ്റ്റ് പത്തിനാണ് കൊൽക്കത്തയിലെ ബലാത്സംഗക്കൊല ഒറ്റപ്പെട്ട സംഭവമാണെന്ന് ഗാംഗുലി പ്രതികരിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം തന്നെ താരത്തിന് നേരിടേണ്ടി വന്നു. ഒടുവിൽ ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രതികരണവുമായി ഗാംഗുലി വീണ്ടുമെത്തിയത്. മറ്റൊരാള്‍ക്കും ഇത്തരത്തിലൊരു ക്രൂര കൃത്യം ചെയ്യാന്‍ ധൈര്യം വരാത്ത പാകത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന് ഗാംഗുലി പറഞ്ഞു. നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതിനുപിന്നാലെയാണ് എക്സില്‍ പ്രൊഫൈല്‍ ചിത്രത്തിന് പകരം കറുപ്പണിയിച്ചുള്ള ഗാംഗുലിയുടെ പ്രതിഷേധം. താരത്തിന്‍റെ പ്രതിഷേധം നിരവധി പേര്‍ ഏറ്റെടുത്തുവെങ്കിലും മുഖം രക്ഷിക്കാനാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

