പീഡനക്കേസിൽ പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസർ കസ്റ്റഡിയിൽ. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയിലാണ് ‘തൃക്കണ്ണന്‍’ എന്ന് സമൂഹ മാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ പോലീസിൽ ലഭിച്ച പരാതിയിലാണ് നടപടി.
വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചുവെന്നാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം രണ്ടര ലക്ഷം ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാഫിസ്. നിരവധി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടാറുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തേയും നിരവധി പരാതികൾ ഇയാൾക്കെതിരെ ആലപ്പുഴ സൗത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പലതും ഒത്തുതീർപ്പാക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
23കാരിയായ നിയമ വിദ്യാർഥിയെ ഫോട്ടോ ഷൂട്ടിനായി ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് ഇപ്പോൾ രജിസ്റ്റർ കേസ്. ഇയാൾ നൂറുകണക്കിന് സ്ത്രീകൾ ഇത്തരത്തിൽ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. രണ്ടരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ റീൽസിനും വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടാറുള്ളതും. ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്.
തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച് കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് നിയമ വിദ്യാർത്ഥിനിയായ പരാതിക്കാരി തിരിച്ചറിയുന്നതും. തുടർന്നാണ് പരാതിയുമായി പെൺകുട്ടി മുന്നോട്ട് പോയത്

