പട്ന: ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോട് പ്രതികരിച്ച് ബീഹാറിനെ പാകിസ്ഥാൻ ആക്കരുതെന്ന് ആഞ്ഞടിച്ച് ബിജെപി വക്താവ് നിഖിൽ ആനന്ദ്.ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ സ്കൂളുകളിലും ഉറുദു അധ്യാപകരെ നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇനി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കുമെന്നും,ബിഹാർ നിയമസഭയിൽ ഉറുദു ഭാഷാ വിദഗ്ധരെ നിയമിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും, മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിൽ ദലിതരുടെയും പിന്നാക്ക ജാതിക്കാരുടെയും ജീവിതം ദുരിതപൂർണമാകുകയാണെന്നും , ബിഹാറിൽ പാക്കിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിതീഷിനു വേണമെങ്കിൽ സ്വയം പാക്കിസ്ഥാനിലേക്കു പോകാമെന്നും നിഖിൽ വ്യക്തമാക്കി.
പിന്നാക്ക സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ പ്രചാരണമല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നു കഴിഞ്ഞ ദിവസം നിതീഷ് കുമാർ ആരോപിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ബിഹാർ ഉൾപ്പെടെയുള്ള പിന്നാക്ക സംസ്ഥാനങ്ങൾക്കെല്ലാം പ്രത്യേക പദവി നൽകുമെന്നും നിതീഷ് വ്യക്തമാക്കി

