ശ്രീനഗര്‍: കശ്മീരിലെ റീസി ജില്ലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഭീകരര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭീകരരെ പിടികൂടാൻ പോലീസ് 11 അംഗ സംഘം രൂപീകരിച്ചാണ് തിരച്ചില്‍ ശക്തമാക്കിട്ടുള്ളത്. ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കർ ഇ തൊയ്ബയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സംസ്ഥാന അന്വേഷണ ഏജൻസിയും ദേശീയ അന്വേഷണ ഏജൻസിയും ചേര്‍ന്ന് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തിട്ടുണ്ട്. അക്രമികൾ ഉപയോഗിച്ച ആയുധങ്ങളും അവയുടെ നിർമ്മിതിയും കണ്ടെത്താൻ ഫോറൻസിക് സംഘങ്ങൾ ശ്രമിച്ചു വരികയാണ്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ശൂന്യമായ ഷെല്ലുകൾ ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.
റീസിയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് തീർഥാടകരുമായി പോകുകയായിരുന്ന ബസ്സിനു നേരെ റീസിയിലെ തെര്യത്ത് ഗ്രാമത്തിൽ വച്ചാണ് ഭീകരർ വെടിയുതിർത്തത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് തോട്ടിലേക്ക് മറിയുകയായിരുന്നു. രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ പത്തോളം പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

