Saturday, December 13, 2025

രജിസ്ട്രാർ തെറിച്ചു ! ഭാരതാംബാ ചിത്രം എടുത്തുമാറ്റാൻ ശ്രമിച്ച കേരള സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഉത്തരവിലുള്ളത് ചാൻസിലർ കൂടിയായ ഗവർണറെ അനാദരിച്ചു എന്നതടക്കമുള്ള ഗുരുതര കണ്ടെത്തലുകൾ

തിരുവനന്തപുരം: സെനറ്റ് ഹാളിലെ പരിപാടിയിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാനും പരിപാടി റദ്ദ് ചെയ്യാനും ശ്രമിച്ച കേരള സർവകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതിനാണ് നടപടി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ വിസി ഡോ:മോഹനൻ കുന്നുമ്മേൽ ആണ് സസ്‌പെന്‍ഡ് ചെയ്തത്. പി. ഹരികുമാറിന് രജിസ്ട്രാറുടെ ചുമതല നൽകി.

ചാൻസിലർ കൂടിയായ ഗവർണറെ അനാദരിച്ചു എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് കെ.എസ്. അനില്‍കുമാറിനെതിരെ സസ്‌പെൻഷൻ ഓർഡറിൽ ഉള്ളത്.സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു

സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലായിരുന്നു ഭാരതാംബയുടെ ചിത്രംവെച്ചത്. ഇത് എസ്എഫ്‌ഐ, കെഎസ്‌യു പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഗവർണറെ അകത്തേക്ക് പ്രവേശിക്കില്ലെന്ന് ഭീഷണി മുഴക്കി എസ്എഫ്ഐ പ്രവർത്തകർ ഗേറ്റ് പൂട്ടിയെങ്കിലും പോലീസ് ഗേറ്റ് തുറക്കുകയും ഗവർണർ നിശ്ചയിച്ച പ്രകാരം പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് അദ്ദേഹം വേദിയിൽ ഇരുന്നത്.

Related Articles

Latest Articles