Friday, December 12, 2025

ഇന്ത്യൻ വംശജർക്ക് ആശ്വാസം! കാനഡയുടെ പൗരത്വ നിയമം പരിഷ്‌കരിക്കുന്നു: ഗുണം ചെയ്യുക ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക്

വിദേശത്ത് ജനിച്ച ഇന്ത്യൻ വംശജരുൾപ്പെടെ ആയിരക്കണക്കിന് കനേഡിയൻ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ രാജ്യത്തെ പൗരത്വ നിയമങ്ങൾ പരിഷ്കരിക്കാൻ കാനഡ തയ്യാറെടുക്കുന്നു. മുൻ നിയമങ്ങൾ കാരണം പൗരത്വം നിഷേധിക്കപ്പെട്ടവർക്ക് അത് തിരികെ നൽകാനും, ഭാവിയിൽ വ്യക്തമായ പൗരത്വ നിയമങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലായ ബിൽ സി-3.

പുതിയ പരിഷ്‌കാരങ്ങൾ കാനഡയിലെ കുടിയേറ്റ നിയമങ്ങളിലെ ദീർഘകാലമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, വിദേശത്ത് ജനിച്ചതോ ദത്തെടുത്തതോ ആയ കുട്ടികളുള്ള കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലീന മെറ്റ്‌ലെജ് ദിയാബ് വ്യക്തമാക്കി. “മുൻ നിയമങ്ങൾ മൂലം പൗരത്വം നിഷേധിക്കപ്പെട്ടവർക്ക് അത് ലഭ്യമാക്കാനും, കുടുംബങ്ങളുടെ ജീവിതരീതിക്ക് അനുസൃതമായ വ്യക്തമായ നിയമങ്ങൾ ഭാവിയിലേക്ക് സ്ഥാപിക്കാനും ഈ മാറ്റങ്ങളിലൂടെ സാധിക്കും. ഈ പരിഷ്കാരങ്ങൾ കനേഡിയൻ പൗരത്വത്തെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യും,” മന്ത്രി പറഞ്ഞു.

2009-ൽ അവതരിപ്പിച്ച ഫസ്റ്റ്-ജനറേഷൻ ലിമിറ്റ്’ എന്ന നിയമമാണ് നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണം. ഈ നിയമം അനുശാസിക്കുന്നത് പ്രകാരം, വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് കനേഡിയൻ പൗരത്വം ലഭിക്കണമെങ്കിൽ, അവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡയിൽ ജനിച്ചവരോ കാനഡയിൽ പൗരത്വം നേടിയവരോ ആയിരിക്കണം. മറ്റൊരു രാജ്യത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക് അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം കൈമാറാൻ ഈ നിയമം അനുവദിച്ചിരുന്നില്ല.

ഈ നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് 2023 ഡിസംബറിൽ ഒന്റാറിയോ സുപ്പീരിയർ കോടതി വിധിച്ചു. ഫെഡറൽ സർക്കാർ ഈ വിധി അംഗീകരിക്കുകയും അപ്പീൽ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. കോടതിയുടെ ഈ ഇടപെടൽ മൂലം, മുൻ നിയമങ്ങൾ കാരണം പൗരത്വം നഷ്ടപ്പെട്ടതോ നിഷേധിക്കപ്പെട്ടതോ ആയവർക്ക് ഇനി പൗരത്വം തിരികെ ലഭിക്കാൻ വഴി തുറന്നു.

ബിൽ സി-3 പ്രധാനമായും രണ്ട് മാറ്റങ്ങളാണ് കൊണ്ടുവരുന്നത്:

2009-ലെ നിയന്ത്രണങ്ങൾ മൂലം പൗരത്വം നിഷേധിക്കപ്പെട്ടവർക്ക് അത് പുനഃസ്ഥാപിച്ചു നൽകും. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാർക്ക് അവരുടെ കുട്ടികൾക്ക് പൗരത്വം കൈമാറാൻ പുതിയൊരു മാനദണ്ഡം അവതരിപ്പിക്കും. ഈ വ്യവസ്ഥ പ്രകാരം, കുട്ടി ജനിക്കുന്നതിനോ ദത്തെടുക്കുന്നതിനോ മുൻപ് കനേഡിയൻ മാതാപിതാക്കൾ കുറഞ്ഞത് 1,095 ദിവസം അഥവാ മൂന്ന് വർഷം കാനഡയിൽ താമസിച്ചിരിക്കണം.

ഈ 1,095 ദിവസത്തെ താമസപരിധി, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ പൗരത്വ രീതികളുമായി പൊരുത്തപ്പെടുന്നതാണ്. കാനഡയുമായി മാതാപിതാക്കൾക്ക് ശക്തമായ ബന്ധമുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിബന്ധന.

പൗരത്വ നിയമങ്ങളിലെ ഈ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കുന്നതിന്, കോടതി 2026 ജനുവരി വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുമ്പോൾ പൗരത്വ അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഇമിഗ്രേഷൻ അഭിഭാഷകർ പ്രതീക്ഷിക്കുന്നത്.

കനേഡിയൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ ഈ പരിഷ്കാരങ്ങളെ സ്വാഗതം ചെയ്തു. 1947-ലെ കനേഡിയൻ സിറ്റിസൺഷിപ്പ് ആക്ട് കാരണവും അതിനുശേഷം വന്ന മാറ്റങ്ങൾ മൂലവും പൗരത്വം നഷ്ടപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്ത പലർക്കും ഈ പുതിയ നിയമം വഴി നീതി ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2009-ലും 2015-ലും വരുത്തിയ മാറ്റങ്ങൾ ഏകദേശം 20,000 ആളുകൾക്ക് പൗരത്വം തിരികെ ലഭിക്കാൻ കാരണമായിരുന്നു. പുതിയ ബിൽ സി-3 വരുന്നതോടെ ഈ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുകയോ താമസം മാറാൻ ആഗ്രഹിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വംശജരുൾപ്പെടെയുള്ള കനേഡിയൻ പൗരന്മാർക്ക് തങ്ങളുടെ അടുത്ത തലമുറയുടെ പൗരത്വം ഉറപ്പാക്കാൻ ഈ നിയമം ഏറെ സഹായകമാകും. രാജ്യത്തിന്റെ പൗരത്വ നിയമങ്ങളെ കൂടുതൽ സമഗ്രവും നീതിയുക്തവുമാക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് കാനഡ നടത്തിയിരിക്കുന്നത്.

Related Articles

Latest Articles