Friday, December 12, 2025

ഇൻഡിഗോയ്ക്ക് ആശ്വാസം ! . പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന പിൻവലിച്ച് ഡിജിസിഎ

ദില്ലി : സർവീസുകൾ താറുമാറായതോടെ പ്രതിസന്ധിയിലായ ഇൻഡിഗോയ്ക്ക് പിടിവള്ളിയായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡിജിസിഎ പിൻവലിച്ചു. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നൽകിയ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്. ഇതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കും. എങ്കിലും വിമാന സർവീസുകൾ പൂർണ സ്ഥിതിയിലേക്ക് പുനഃക്രമീകരിക്കാൻ രണ്ടുദിവസം വേണ്ടിവന്നേക്കും.

പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ മൂലം കമ്പനിയുടെ 600-ലധികം സർവീസുകളാണ് ഇന്ന് പ്രതിസന്ധിയിലായത്. ഇതോടെ ദില്ലി അടക്കമുള്ള വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് ഉണ്ടായത്. സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തു.

ദില്ലി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇൻഡിഗോയുടെ സർവീസുകൾ പൂർണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. ദില്ലിയിൽ മാത്രം 225-ലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. സമാനമായ രീതിയിൽ രാജ്യത്തെമ്പാടും അറുന്നൂറോളം വിമാനങ്ങൾ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

Related Articles

Latest Articles