Thursday, December 18, 2025

സിദ്ദിഖിന് ആശ്വാസം !ലൈംഗികാതിക്രമക്കേസിൽ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ദില്ലി : യുവനടിയുടെ പരാതിയിന്മേലെടുത്ത ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. നേരത്തെ സിദ്ദിഖിനായി പോലീസ് ലുക്കൌട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് 2016-ൽ തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരായി. ​ഗുജറാത്ത് കലാപം, ആര്യൻ ഖാൻ കേസ്, വിജയ് മല്യ കേസ് തുടങ്ങി പ്രമാദമായ പല കേസുകളും വാദിച്ച അഭിഭാഷകനാണ് മുഗുൾ റോഹത്ഗി. ​കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി ഹാജരായതും മുഗുൾ റോഹത്ഗിയായിരുന്നു.തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ട് തടസ്സഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യാ ഭാട്ടിയും പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.

Related Articles

Latest Articles