തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സമയമാറ്റം സംബന്ധിച്ച് സംഘടിത മതസംഘടനകൾക്ക് സർക്കാർ വഴങ്ങിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബിജെപി. മതേതരത്വ ബോധം ലവലേശമെങ്കിലും അവശേഷിക്കുന്നുവെങ്കിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചയിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ് സുരേഷ് ആവശ്യപ്പെട്ടു. പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പ്രീണന രാഷ്ട്രീയമാണ് കേരളത്തിന്റെ സർവ്വമേഖലകളിലെയും തിരിച്ചടിക്ക് കാരണം. വിദ്യാഭ്യാസ രംഗത്തിന്റെ തകർച്ചയ്ക്ക് പിണറായി സർക്കാരിന്റെ നിരവധി നടപടികൾ ഇതിനകം തന്നെ കാരണമായിട്ടുണ്ട്. സ്കൂളുകളിൽ പഠിക്കാനുളള സമയം തീരുമാനിക്കേണ്ടത് മത സംഘടനകളല്ല. അവരുമായി ചർച്ച നടത്തുന്നത് പോലും കേരളത്തിന് നാണക്കേടാണ്. പഠിച്ച് സമ്മാനം വാങ്ങിയ കുട്ടി വേദിയിൽ സമ്മാനം വാങ്ങാൻ കയറിയതിന് ഭീഷണി മുഴക്കിയ സംഘടനകളുമായി ജനാധിപത്യ സർക്കാർ ചർച്ച നടത്തുന്നത് തെറ്റാണ്. മതസംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങുന്ന സംസ്ഥാന സർക്കാർ നിലപാട് കേരളത്തിന് അപകടകരമാണ്. സ്കൂൾ സമയക്രമം പരിഷ്കരിക്കുന്നതിനെതിരെ മതസംഘടനകൾ നടത്തുന്ന സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുത്. സംസ്ഥാന സർക്കാരിന്റെ നയരൂപീകരണത്തിൽ പോലും മതസംഘടനകൾ സ്വാധീനം ഉറപ്പിക്കുന്ന സാഹചര്യം കേരളത്തിന് അപകടമാണ്. സർക്കാർ ആദ്യം സ്വീകരിച്ച നിലപാടിൽ നിന്ന് യു-ടേൺ അടിക്കുന്ന പ്രതികരണങ്ങളാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്ന് അടക്കം ഉണ്ടാകുന്നത്. ഇത് ഏറെ ദൗർഭാഗ്യകരമാണ്. മതപഠനത്തിനായി സ്കൂൾ സമയക്രമത്തിൽ അല്ല മാറ്റം വരുത്തേണ്ടത്, പകരം മതപഠനത്തിനുള്ള സമയത്തിലാണ് മതസംഘടനകൾ മാറ്റം കണ്ടെത്തേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്കൂളിൽ 1100 മണിക്കൂറെങ്കിലും കുറഞ്ഞത് പഠന സമയം വേണം. അത് വിദ്യാർത്ഥികളുടെ അവകാശമാണ്. ആ കാര്യത്തിൽ മതസംഘടനകളുടെ സ്വാധീനത്തിന് വഴങ്ങി സർക്കാർ നിലപാട് തിരുത്തുകയോ പിന്നോട്ട് പോകുകയോ ചെയ്യരുത് എന്ന ബിജെപി ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് യു-ടേൺ അടിച്ചാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും”- സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രസ്താവനയിൽ വ്യക്തമാക്കി.

