ദില്ലി : ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആന്റ് റോഡ് നിക്ഷേപക ഉടമ്പടിയിൽ നിന്ന് ഇറ്റലി പിന്മാറിയേക്കുമെന്ന് റിപ്പോർട്ട് . ദില്ലിയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടയിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഇത് സംബന്ധിച്ച ചർച്ച നടത്തിയതായാണ് വിവരം.
നൂറിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ വൻകിട വാണിജ്യ നയതന്ത്ര പദ്ധതിയായാണ് ബെൽറ്റ് ആന്റ് റോഡ് ഉടമ്പടി.പത്ത് വർഷങ്ങൾക്ക് മുൻപ് 2013-ൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിൽ 2019-ലാണ് ഇറ്റലി ഭാഗമാകുന്നത്. നിലവിൽ ചൈനയുമായി ഇടഞ്ഞു നിൽക്കുന്ന അമേരിക്കയെ പിണക്കാതിരിക്കാനാണ് നീക്കമെന്നാണ് വിവരം.
സമവായത്തോടെ ഉടമ്പടിയിൽ നിന്ന് പിന്മാറാനായി ജോർജി മെലോണി ചൈനയിൽ നേരിട്ടെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച ജി20 വേദിയിൽ തന്നെയാണ് ബെൽറ്റ് ആന്റ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലിയുടെ പിന്മാറ്റം സംബന്ധിച്ച സൂചനകൾ പുറത്ത് വന്നത്.
യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വർധിപ്പിക്കുക എന്നതാണ് ഇന്ത്യ- ഗൾഫ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാർത്തവിനിമയ കേബിളുകൾ സ്ഥാപിക്കുക, റെയിൽ, തുറമുഖ സൗകര്യങ്ങൾ വികസിപ്പിക്കുക, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയിൽ ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഗൾഫിൽ നിന്നും യൂറോപ്പിലേക്ക് റെയിൽ മുഖേനയാക്കുന്നതും കരാർ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണകരമാകും.

