ദിസ്പൂർ: പ്ലസ് വൺ വിദ്യാർത്ഥി അദ്ധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലെ കോച്ചിംഗ് സെന്ററിലാണ് 16 കാരൻ അദ്ധ്യാപകനെ കുത്തിക്കൊന്നത്.കെമിസ്ട്രി അദ്ധ്യാപകനും മാനേജറുമായ രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്.
പഠിക്കാനായി ശാസിച്ചതിന്റെ പേരിലാണ് കുട്ടി അദ്ധ്യാപകനെ കുത്തിയതെന്നാണ് വിവരം. ഹോം വർക്ക് ചെയ്യാതിരുന്നതോടെ രാജേഷ് കുട്ടിയെ ശകാരിക്കുകയും മാതാപിതാക്കളെയും കൂട്ടി വരാനും നിർദ്ദേശിച്ചു. പിന്നാലെ അടുത്ത പീരിഡിൽ അദ്ധ്യാപകൻ ക്ലാസ്റൂമിൽ നിന്ന് പുറത്തു പോകാൻ കുട്ടിയോട് ആവശ്യപ്പെട്ടു. ഈ സമയം കത്തി വച്ച് വിദ്യാർത്ഥി അദ്ധ്യാപകനെ തുടർച്ചയായി കുത്തുകയായിരുന്നു.
പിന്നാലെ അധികൃതർ രാജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.

