Monday, January 5, 2026

അർജുനായി ബൂം എക്‌സ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു; ശക്തമായ അടിയൊഴുക്ക് മൂലം സോണാർ സിഗ്നൽ കിട്ടിയ ഭാഗത്തെ പരിശോധന പ്രതിസന്ധിയിൽ

ഉത്തര കന്നഡയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി ബൂം എക്‌സ്കവേറ്റർ ഉപയോഗിച്ചുള്ള തെരച്ചിൽ ആരംഭിച്ചു. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. അതേസമയം കനത്ത അടിയൊഴുക്ക് കാരണം ഈ ഭാഗത്ത് തെരച്ചിൽ നടത്താൻ നിലവിൽ സാധിച്ചിട്ടില്ല.

മണ്ണിടിച്ചിൽ മൂലം രൂപപ്പെട്ട നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണ് സിഗ്നൽ ലഭിച്ച സ്ഥലം. അർജുന്റെ ട്രക്കോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു..
അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് എന്ന ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോ​ഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി അവകാശപ്പെടുന്നു.

Related Articles

Latest Articles