കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച വാന്‍ഹായ് 503 എന്ന സിംഗപ്പൂർ ചരക്കുകപ്പൽ കത്തിയമരുന്നുവെന്ന് റിപ്പോർട്ട്. തീയണയ്ക്കാനെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയും കപ്പലുകള്‍ക്ക് തീപിടിച്ച കപ്പലിനടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ല. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരുകപ്പലും സംഭവസ്ഥലത്തുണ്ട്. കണ്ടെയ്നറുകളിൽ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഉള്ളതിനാൽ ഏതു നിമിഷവും ഒരു വൻ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തീ പിടിച്ച കപ്പലില്‍ ആകെ 620 കണ്ടെയ്നറുകളുണ്ടെന്നാണ് വിവരം. കപ്പലിലെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതും മറ്റ് കപ്പുലുകള്‍ക്ക് ഇതിനടുത്തെത്താണ് തടസമാകുന്നുണ്ട്.
അതേസമയം, അപകടത്തില്‍പ്പെട്ട കപ്പല്‍ജീവനക്കാരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവികസേനാ കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം മംഗലാപുരത്ത് എത്തിക്കാനാണ് ആലോചന.

