കൊച്ചി : ഹിരണ്‍ദാസ് മുരളി എന്ന റാപ്പർ വേടനെതിരെ വീണ്ടും കേസ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. ഇതില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2020-ല്‍ കൊച്ചിയിലെത്തിയ യുവതിയെ വേടന്‍ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കേരളത്തിന് പുറത്തുള്ള യുവതി കൊച്ചിയിലെത്തിയ ശേഷം പോലീസ് മൊഴി രേഖപ്പെടുത്തും.
നേരത്തെ, തൃക്കാക്കരയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ്. ഇത് വേടനെതിരെയുള്ള നിയമനടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് സൂചന.

