തന്‍റെ ആക്രമണം ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നുവെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിലെ പ്രതി സനൂപ്. മെഡിക്കൽ പരിശോധനയ്ക്കായി പോലീസിനൊപ്പം പുറത്തെത്തിയപ്പോഴായിരുന്നു സനൂപിന്‍റെ പ്രതികരണം.
തന്‍റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. ഇയാൾക്കെതിരെ വധശ്രമം അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതേസമയം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടര്‍ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിപിന്‍റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു. തലയോട്ടിക്ക് പൊട്ടലുള്ള വിപിന് തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് ഡോക്ടരെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതു വയസ്സുകാരിയുടെ പിതാവാണ് ഡോക്ടറെ ആക്രമിച്ച സനൂപ്. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ആഗസ്റ്റ് 14-നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

