ദില്ലി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സെെനികര്‍ അംഗമാകുകയും സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദേശികള്‍ സോഷ്യല്‍ മീഡിയകളിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടത്തുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടുന്ന ഗ്രുപ്പുകളുടെ പോലും ഭാഗമാകരുതെന്നാണ് നിര്‍ദ്ദേശം.നിലവില്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ മാത്രമെ സൈനികര്‍ അംഗങ്ങളാകാവുവെന്നാണ് നിര്‍ദ്ദേശം. ഇതിന് പുറമെ സൈനികരെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കിടുന്നതില്‍ നിന്നും കുടുംബാംഗങ്ങള്‍ മാറി നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിന് പുറമെ സൈനികര്‍ മാത്രമായുള്ള ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്നതിന് പാലിക്കേണ്ട രീതികളെക്കുറിച്ചും ജൂണില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതുവായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ഇത്തരം ഗ്രൂപ്പില്‍ പങ്കിടാന്‍ പാടുള്ളുവെന്നാണ് നിര്‍ദ്ദേശം. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ച് സൈനിക വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചില വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം.
സൈന്യം കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങളാണ് ഇതെന്നും സെന്‍സര്‍ഷിപ്പല്ലെന്നും സൈനിക വക്താവ് അറിയിച്ചു. എന്നാല്‍ വിരമിച്ച സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍നടത്തുന്ന വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥരില്‍ സൈന്യത്തിനെതിരായ വികാരം സൃഷ്ടിക്കുന്നത് തടയാനാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിമര്‍ശകരുടെ പ്രതികരണം.

