തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘം രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. 500 കോടിയോളംവരുന്ന ഇടപാടാണ് ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴിനൽകാനും തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
നേരത്തെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ ഒരു കത്ത് രമേശ് ചെന്നിത്തല എസ്ഐടിക്ക് കൈമാറിയിരുന്നു. പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് അറിവ് ലഭിച്ചതായാണ് രമേശ് ചെന്നിത്തല കത്തിൽ പറയുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും അയാളെ അന്വേഷണ സംഘത്തോട് സഹകരിപ്പിക്കാമെന്നും എസ്ഐടിയ്ക്ക് രമേശ് ചെന്നിത്തല ഉറപ്പുനൽകിയിട്ടുണ്ട്. ആരാണ് ഈ വ്യക്തി എന്നകാര്യം അന്വേഷണസംഘം രമേശ് ചെന്നിത്തലയിൽനിന്ന് ചോദിച്ചറിയും.

