Saturday, December 13, 2025

വ്യോമാക്രമണത്തിന് പ്രതികാരം ! താലിബാൻ സൈന്യം 19 പാക് പട്ടാളക്കാരെ കൊലപ്പെടുത്തി !

അതിർത്തിയിൽ പാകിസ്ഥാൻ -താലിബാൻ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 19 പാക് സൈനികരും മൂന്ന് അഫ്ഗാൻ സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ 1 മണിയോടെ ആരംഭിച്ച പോരാട്ടം മണിക്കൂറുകളോളം തുടർന്നു, ഇരു സൈന്യവും രൂക്ഷമായ വെടിവയ്പ്പ് നടത്തി.

പാകിസ്ഥാൻ സേന തൊടുത്തുവിട്ട റോക്കറ്റുകൾ സാധാരണക്കാരുടെ വീടുകളിൽ പതിച്ചതായി റിപ്പോർട്ടുണ്ട്, എന്നിരുന്നാലും ഇരുവശത്തുനിന്നും ഔദ്യോഗികമായ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘർഷത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടൽ . ദിവസങ്ങൾക്കുമുമ്പ്, അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 46 പേരാണ് മരിച്ചിരുന്നത്.

ഇതിന് പുറമെ അഫ്ഗാൻ അതിർത്തി സേന ഖോസ്റ്റ് പ്രവിശ്യയിലെ അലി ഷിർ ജില്ലയിലെ നിരവധി പാക് സൈനിക പോസ്റ്റുകൾക്ക് തീയിട്ടു, പക്തിയയിലെ ദണ്ഡ്-ഇ-പട്ടാൻ ജില്ലയിലെ രണ്ട് പാകിസ്ഥാൻ പോസ്റ്റുകൾ പിടിച്ചെടുത്തു. ദണ്ഡ്-ഇ-പട്ടാൻ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ മോർട്ടാർ ഷെൽ ആക്രമണത്തിലാണ് 3 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതോടെ ഇസ്ലാമാബാദും കാബൂളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് കരുതിയെങ്കിലും അത് കൂടുതൽ മോശമാകുകയാണ് ചെയ്തത്. പാക്കിസ്ഥാനിൽ സ്വതന്ത ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന തീവ്രവാദ സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാനുമായി പ്രാഥമികമായി ബന്ധമുള്ള ഭീകരാക്രമണങ്ങളിൽ പാകിസ്ഥാൻ വർധനവ് നേരിട്ടിട്ടുണ്ട്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള സെൻ്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിൻ്റെ റിപ്പോർട്ട് പ്രകാരം 2023-ൽ ഭീകരാക്രമണങ്ങളിൽ നിന്നുള്ള മരണനിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് 56% വർദ്ധിച്ചു, 500 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 1,500-ലധികം പേർ കൊല്ലപ്പെട്ടു.

താലിബാൻ സർക്കാർ അതിർത്തി കടന്നുള്ള ഭീകരവാദം വളർത്തിയെടുക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ശ്രമങ്ങളെയും സമാധാന ചർച്ചകളെയും കൂടുതൽ സങ്കീർണമാക്കുകയാണെന്നുമാണ് പാകിസ്ഥാന്റെ ആരോപണം. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന അതിർത്തി ഏറ്റുമുട്ടലുകളും പ്രദേശത്തെ കൂടുതൽ അസ്ഥിരമാക്കുകയാണ്.

Related Articles

Latest Articles