കൊല്ലം: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. അലോഷിക്ക് പുറമെ ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കൽ പോലീസ് കേസെടുത്തത്.
സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിനെതിരെ അതിരൂക്ഷ വിമർശനമാണ് കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്നും ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി .സ്റ്റേജ് – ലൈറ്റ് സംവിധാനങ്ങൾക്ക് എത്ര രൂപ ചെലവഴിച്ചുവെന്നും ഹൈക്കോടതി ചോദിച്ചു. സംഭവത്തിൽ കേസെടുക്കാത്തതിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ വിശദീകരണം നൽകണം. അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം. ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്‌പോൺസർഷിപ്പ് അംഗീകരിക്കാനാവില്ല. പിരിച്ച പണം മുഴുവൻ ക്ഷേത്രത്തിന്റെ അക്കൗണ്ടിൽ എത്തണം എന്നും ഹെെക്കോടതി പറഞ്ഞു

